തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കും. ഇതിന് വേണ്ട നടപടികൾ മോട്ടോർ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.


