തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ തൽക്കാലം ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ എതിർത്തെന്നാണ് സൂചന.
ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല. ഡ്രൈവിംഗ് സീറ്റിൽ നിന്നുളള വിരലടയാളം ഫൊറൻസിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് പല ദൃക്സാക്ഷി മൊഴികൾ ഒത്തുനോക്കി പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കൂടി വേണം.
അപകടമുണ്ടായ ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർ റഫർ ചെയ്തത്. എന്നാൽ ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആശുപത്രിയിൽ പോയി അഡ്മിറ്റാവുകയായിരുന്നു.


