തിരുവനന്തപുരം: ശ്രീറാം വണ്ടിയോടിച്ചത് മുന്നിലുള്ള ബൈക്കിൽ തട്ടി, തട്ടിയില്ലെന്ന നിലയിൽ ലക്കുകെട്ട അവസ്ഥയിലാണെന്ന് ദൃക്സാക്ഷി ജിതു. വണ്ടി നിർത്തി ഇറങ്ങി നോക്കിയ തന്നോട് ആക്ടിവയിൽ അപകടം പറ്റിയ കെ എം ബഷീറിനെ ആശുപത്രിയിലെത്തിക്കാമോ എന്ന് ശ്രീറാം ചോദിച്ചെന്നും ജിതു പറഞ്ഞു.

എന്നാൽ ആക്ടിവയിൽ ഇങ്ങനെയൊരാളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് താൻ പറഞ്ഞെന്നും ജിതു വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമൻ ആരെന്നറിയാതെയാണ് സംസാരിച്ചതെന്നും ജിത്തു വ്യക്തമാക്കി.
ജിതുവിന്റെ വാക്കുകളിങ്ങനെ: ”തട്ടി തട്ടിയില്ലെന്ന മാതിരിയാണ് കാറ് വന്നത്. ബൈക്കിന്റെ പിൻഭാഗത്താണ് കാറിടിച്ചത്. ഇടിച്ചതോടെ ബൈക്ക് തെറിച്ചു. പോസ്റ്റിൽ പോയിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു.
കാറിൽ രണ്ട് പേരായിരുന്നു. രണ്ട് പേരും ആ സമയത്ത് തന്നെ മരിച്ച് പോയെന്നാണ് ഞാൻ കരുതിയത്. വണ്ടിയൊതുക്കി ഞാൻ കാറിന്റെ മുൻവശത്തേക്ക് പോയി നോക്കിയപ്പോൾ വണ്ടിയിലുള്ളവർക്ക് അനക്കമുണ്ട്. എയർ ബാഗൊക്കെ പുറത്തുവന്ന നിലയിലായിരുന്നു.
അതിലെ പുരുഷൻ പുറത്തേക്കിറങ്ങി വന്ന് ബൈക്കിലുള്ളയാൾക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. ‘ദേ ഇവിടെ കിടക്കുവാണ് സാറേ’ എന്ന് ഞാൻ പറഞ്ഞു. പുള്ളി വന്ന് വീണു കിടക്കുന്നയാളെ കൈയിലെടുത്തു. എന്നിട്ട് എന്റെ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചു. കൂടെയുള്ള സ്ത്രീയും വന്ന് എങ്ങനെയെങ്കിലും അയാളെ രക്ഷിക്കൂ എന്ന് പറയുന്നുണ്ടായിരുന്നു.
പക്ഷേ, എന്റെ ആക്ടിവ പോലെ കണ്ടീഷനില്ലാത്ത വണ്ടിയിൽ എങ്ങനെയാ സാറേ ഇങ്ങനെയൊരാളെ കൊണ്ടുപോവുക എന്ന് ഞാൻ ചോദിച്ചു. അപ്പോഴേക്കും പുരുഷന്റെ കയ്യിലെയാളുടെ വായിൽ നിന്ന് നന്നായി രക്തമൊഴുകുന്നുണ്ടായിരുന്നു. വല്ലാതെ രക്തമൊഴുകിയിരുന്നു”, ജിതു പറയുന്നു.
ഇതിനിടെ, ശ്രീറാമിനൊപ്പം സഞ്ചരിച്ച മരപ്പാലം സ്വദേശിനിയായ യുവതി വഫ ഫിറോസിനെ രഹസ്യമൊഴിയെടുക്കാൻ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടുപോയി.
കന്റോൺമെന്റ് സ്റ്റേഷനിൽ വച്ച് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഊബർ ടാക്സി വിളിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. യുവതിയല്ല, വണ്ടിയോടിച്ചതെന്ന് വ്യക്തമായപ്പോഴാണ് പൊലീസ് ഇവരെ പറഞ്ഞു വിട്ടതെന്നാണ് സൂചന. ശ്രീറാം തന്നെ പറഞ്ഞാണ് യുവതിയെ പറഞ്ഞു വിട്ടതെന്നും വിവരമുണ്ട്.


