തിരുവനന്തപുരം: കാസർകോട് നിയോജകമണ്ഡലത്തിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഇവർ മൂന്നുപേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്. ഇവർക്കെതിരെ ജനപ്രാധിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശം നൽകിയതായി ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിന് കോൺഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കെ എം മുഹമ്മദ് എന്നയാൾ മൂന്ന് തവണയും അബ്ദുൾ സമദ്, മുഹമ്മദ് ഫായിസ് എന്നിവർ രണ്ടുതവണ വീതവും വോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടുകൾ ഉടൻ പുറത്തുവരുമെന്നും ടിക്കാറാം മീണ പറഞ്ഞു. പാർട്ടി നോക്കിയല്ല നടപടിയെടുക്കുന്നതെന്നും കേരളത്തിന്റെ ഈ രോഗം ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


