പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് വധ ഭീഷണിയുമായി ഊമക്കത്ത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയും വരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം. എന്നാല്‍ വിധി ഞങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്. പെരിന്തല്‍മണ്ണയില്‍ കനകദുര്‍ഗയെ താമസിപ്പിച്ചിരിക്കുന്ന വണ്‍സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്.
സമയത്ത് അഡ്മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്ത് നിന്ന് മാറി നില്‍ക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്ത് പെരിന്തല്‍മണ്ണയില്‍ നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.

