തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ലണ്ടനിലെ ഹൈക്കമ്മീഷണനാണ് ചെലവുകള്‍ വെളിപ്പെടുത്തിയത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്. വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവര്‍ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ചെലവുകള്‍ അവര്‍ തന്നെയാണ് വഹിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുള്ള യാത്രയുടെ വിമാന ടിക്കറ്റിന്റെ നിരക്കുകളില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയാണിത്. ഈ തുക ആദ്യം ഹൈക്കമ്മീഷന് നിയമപ്രകാരം ചെലവഴിക്കുകയും പിന്നീട് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഈടാക്കുകയുമാണ് ചെയ്തത്.