തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസില്‍ പിന്നണി ഗായകന് എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിത കേസിലാണ് അന്വേഷണം. വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍തീരത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റി തീരസംരക്ഷണ ചട്ടം ലംഘിച്ച് വീട് നിര്‍മിച്ചു എന്നാണ് പരാതി. ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ നിയമോപദേശം ഉണ്ടായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍.എസ്.ജി.ഡി ട്രിബ്യൂണല്‍ ഈ കേസ് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശം ഉള്‍പ്പെടെ ചോദ്യം ചെയ്താണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ്.
പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എംജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.


