പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അമ്മ അനുപമയ്ക്ക് ഹൈക്കോടതി വിമര്‍ശനം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിനെന്നും കോടതി ചോദിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അനുപമ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി സ്വീകരിച്ചില്ല.
ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തള്ളുമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബ കോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി. പോലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹര്‍ജിയിലുണ്ട്. കുട്ടിയെ ദത്ത് നല്കിയ സംഭവത്തില്‍ നിയമ നടപടികള്‍ കീഴ് കോടതിയില്‍ തുടരുന്നതിനിടെയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി അനുപമ ഹൈക്കോടതിയില്‍ എത്തിയത്.
ഇതിനിടെ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിയമപരമെന്നു സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി വ്യക്തമാക്കി. ദത്ത് കൊടുത്തതു ആര്‍ക്കെന്ന് നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നു പൊലീസിന് നല്കിയ മറുപടിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചെന്ന് സിഡബ്ള്യുസിയും പൊലീസിന് റിപ്പോര്‍ട്ട് നല്കി.


