യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ സിദ്ദിഖിൻ്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കും. സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ ചോദ്യം ചെയ്യൽ നടത്തൂ എന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.
ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു.
ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നിൽ പ്രത്യേക്ഷപ്പെട്ട നടൻ തുടർ നിയമനടപടികളിൽ വിശദമായ ഉപദേശം തേടിയിരുന്നു. എന്നാൽ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രിംകോടതിയിൽ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ കേസിന്റെ പുരോഗതിയിൽ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .