ഡല്‍ഹി: ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലാണ് മിന്നല്‍ സമരം. സൗരവ് ദാസും അജിങ്ക്യ ഷിന്‍ഡെയും ദേശീയ പതാകയുമായി സമരവേദിയിലെത്തി. പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുകയാണ്. ഉടനടി പൊലീസെത്തി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് മിന്നല്‍ സമരവുമായി ജന്തര്‍ മന്തറിലേക്കെത്തിയത്. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ച് കോട്ട കെട്ടിയും എല്ലായിടത്തും ബാരിക്കേഡുകള്‍ തീര്‍ത്തും പൊലീസിനേയും സൈന്യത്തേയും വിന്യസിച്ചും ഇന്നും ശക്തമായ മുന്നൊരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നത്. ജെഡിയു ഓഫിസ് ജന്തര്‍ മന്തറിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഈ ഓഫീസിന്റെ പിന്നിലെ ഗേറ്റ് ചാടിക്കടന്നാണ് സിജെപിയുടെ പ്രധാന നേതാക്കളും ചുരുക്കം ചില പ്രവര്‍ത്തകരും ജന്തര്‍ മന്തറിലെത്തിയത്.
നിലവില്‍ പൊലീസുകാര്‍ എല്ലാ പ്രവര്‍ത്തകരേയും ജന്തര്‍ മന്തറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ജന്തര്‍ മന്തറിലേക്ക് പ്രവേശനമില്ല. ഒന്നും അവസാനിച്ചിട്ടില്ലെന്നും ജന്തര്‍ മന്തര്‍ ഇപ്പോഴും ഞങ്ങളുടെ പ്രതിഷേധ വേദിയാണെന്നുമുള്ള സന്ദേശമാണ് സിജെപി നേതാക്കള്‍ ഈ മിന്നല്‍ സമരത്തിലൂടെ അധികാരികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു. വൈകീട്ട് 4 മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം.

