മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. അഞ്ച് ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുക.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് തേനി ജില്ലയിലെ നെല്‍ പാടങ്ങളിലേക്ക് ഒന്നാം കൃഷിക്കായാണ് വെള്ളമെടുത്ത് തുടങ്ങിയത്.
കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂണ്‍ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകാൻ കഴിഞ്ഞത് തമിഴ്നാടിന്റെ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം മുല്ലപ്പെരിയാർ എക്സിക്യൂട്ടീവ് ഡയറക്ടർ അൻപ് സെൽവൻ ഷട്ടര്‍ തുറന്നു. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തേനി ജില്ലയിൽ 14,700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കർഷകർ അറിയിച്ചു.മുല്ലപ്പെരിയാറിലെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ച് കൃഷി ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തമിഴ്നാട്ടിലെ കർഷകർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 118.45 അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്.


