സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ ജൂണ്‍ 2,3 തീയതികളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ്.
ജൂണ്‍ 02 ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം എന്നി ജില്ലകളിലും. ജൂണ്‍ 03 ന് എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം എന്നി ജില്ലകളിലും, ജൂണ്‍ 04 ന് ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലും, ജൂണ്‍ 05 ന്,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, എന്നി ജില്ലകളിലും, ജൂണ്‍ 06 ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് yellow alert (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.
പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ലും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ടോര്‍ച്ച്, റേഡിയോ, 500 ml വെള്ളം, ORS പാക്കറ്റ്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം ( ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, ഒരു ബാറ്ററി/പവര്‍ ബാങ്ക് അല്ലെങ്കില്‍ ടോര്ച്ചില് ഇടാവുന്ന ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യം കുറച്ച് പണം,, ATM,പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍, തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.
അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്, മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്, പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കലും കാഴ്ച കാണലും കൂട്ടം കൂടലും ഒഴിവാക്കുക, പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക, ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക, ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.