സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകൾ നടന്നത് നിയമാനുസൃതമായാണ്. ഏഴാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തനിയ്ക്കോ ഭാര്യക്കോ സമൻസ് ലഭിച്ചിട്ടില്ലെന്നും ജയസൂര്യ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് എനിക്കോ ഭാര്യക്കോ ഇഡിയിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി, ഞാൻ ഹാജരായി.29ന് ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങൾ ഹാജരായിരുന്നു.അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ?’. ജയസൂര്യ ചോദിക്കുന്നു.


