ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചത്. പാലായില്‍ നടത്തിയതുപോലുള്ള വോട്ടുകച്ചവടം ഈ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതിനു മറുപടിയായിട്ടായിരുന്നു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സി.പി.എമ്മെന്ന് പിണറായി വിജയന് പറഞ്ഞു. ‘ഞങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതാണ് ഞങ്ങളുടെ കരുത്ത്. ആ ശക്തിയാണ് ജനങ്ങള്‍ കാണുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില് അത് എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കുന്നു. ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യില്‍ ഉളളതെന്നും’ മുഖ്യമന്ത്രി ചോദിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നു. മുല്ലപ്പള്ളിയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താം. പൊയ്വെടികള് കൊണ്ടൊന്നും രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ബന്ദിപ്പൂര്‍ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചുവെന്നും, എന്നാല്‍ ഒരു വിദഗ്ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയന് വ്യക്തമാക്കി.


