തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന് ആശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവും ഇല്ല, കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീർവാണ പ്രസംഗം മാത്രമാണ്. കേരളത്തോടുള്ള അവഗണനയിൽ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വിഡി സതീശൻ മാധ്യമപ്രവർത്തരോട് പ്രതികരിച്ചു. കേരളത്തിലുള്ള കേന്ദ്രമന്ത്രിമാർ നിരന്തരം എയിംസിനെ പറ്റി സംസാരിച്ചു. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിൽ എയിംസും ഇല്ല അതിവേഗ റെയിൽപാതയും ഇല്ല. ആമ പരീക്ഷണത്തിന് വേണ്ടി മാത്രം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
കേരളത്തിലെ ബിജെപി നേതാക്കൾ വികസിത കേരളം എന്ന് പറഞ്ഞാണ് വലിയ പ്രചാരണം നടത്തുന്നത്. എന്നിട്ട് എവിടെയാണ് കേരളത്തിനായി പദ്ധതികൾ. ഇവർ എത്രമാത്രം അവഗണനയോടെയാണ് കേരളത്തെ കാണുന്നത്. ഇത് ഒരു മുന്നറിയിപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ റബർ കർഷകരെ കേന്ദ്രവും സംസ്ഥാനവും അവഗണിച്ചു. അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപനത്തിന് പിന്നിൽ അപകടമുണ്ട്. കേരളത്തിന്റെ ധാതു കലവറ പലരുടെയും കണ്ണിലെ നിധിയാണ്. കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുമ്പ് കടലിൽ ആഴം കൂട്ടാൻ ശ്രമിച്ചവരാണ് കേന്ദ്രം. കേരളത്തിലെ ധാതുസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമായി ഇത് മാറും. അതിനാൽ സംസ്ഥാനത്തോടുകൂടി ആലോചിച്ച് മാത്രമേ ഇതിന്റെ പോളിസി ചെയ്യാൻ പാടുള്ളുവെന്നും വിഡി സതീശൻ പറഞ്ഞു.


