തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാൻ യു ഡി എഫ് യോഗം ഇന്ന്. ഉഭയകക്ഷി ചർച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് യു ഡി എഫ് യോഗം ചേരുന്നത്.
ലീഗിന് നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമിടാൻ യുഡിഎഫ് യോഗം ചേരുന്നത്. ഘടക കക്ഷികളുമായി ചര്‍ച്ച വരും ദിവസങ്ങളില്‍ തുടങ്ങാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.

