പെരുമ്പാവൂർ : ട്രാവൻകൂർ റയോൺസ് തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് വ്യവസായ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ നിർവ്വഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ റയോൺസിലെ ഏകദേശം രണ്ടായിരത്തോളം തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന നടപടിയാണ് ഇത്. 1992 മാർച്ച് മുതൽ വിരമിച്ച 2057 തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. അവശ്യ സേവന വിഭാഗത്തിലെ 20 തൊഴിലാളികൾ ഇപ്പോഴും കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.
തൊഴിലാളികളുടെ ആനുകൂല്യം എത്രയും വേഗത്തിൽ കൊടുത്തു തീർക്കണം എന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിരവധി തവണ സബ്മിഷനിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2012 മുതൽ കിൻഫ്രയുടെ നിയന്ത്രണത്തിൽ ഉള്ള കമ്പനി സർക്കാർ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഏറ്റെടുക്കുന്നതിനാണ് തീരുമാനം. ട്രാവൻകൂർ റയോൺസ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണ് അനുകൂല്യ വിതരണത്തിനുള്ള ചുമതല. ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും ബാധ്യത കഴിച്ചു 29.62 കോടി രൂപയാണ് തൊഴിലാളികൾക്ക് നൽകുവാനുള്ളത്