മൂവാറ്റുപുഴ: ഭിന്ന ശേഷിക്കാര്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് ആരോഗ്യവകുപ്പ് പ്രത്യേക അദാലത്തുകകള് നടത്തും. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ദുരിതത്തിലായത് ചൂണ്ടികാട്ടി മാത്യൂ കുഴല്നാടന് എംഎല്‍എയാണ് വിഷയം ഡി.പി.സിയില്‍ അവതരിപ്പിച്ചത്. നിലവിലുള്ള അപേക്ഷകര്‍ക്ക് അര്‍ഹമായ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് അദാലത്ത് (മെഡിക്കല്‍ ബോര്‍ഡുകള്‍)നടത്തുന്നത്.
സര്‍ട്ടിഫിക്കറ്റിന് താമസം നേരിട്ടതോടെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനങ്ങള്‍ക്കും ജോലികള്‍ക്കും തടസമായി . പെന്ഷന് ആനുകൂല്യങ്ങള്‍ അടക്കം മുടങ്ങിയ നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് എം എല്‍ എ ഡി പി സി യില്‍ എത്തിയത്. നേരത്തേ ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും എംഎല്‍എ കത്ത് നല്‍കിയിരുന്നു. അദാലത്ത് നടത്തി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നായിരുന്നു എം എല്‍ എ യുടെ ആവശ്യം. ജില്ലാ അധികാരികള്‍ക്ക് അദാലത്തിന് മന്ത്രി നിര്‍ദേശം നല്‍കിയങ്കിലും കാലതാമസം നേരിട്ടു. ഇതോടെയാണ് എം എല്‍ എ പരാതി ഉന്നയിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്ത് തീര്‍ത്തെന്നായിരുന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചത്. കൂടുതല്‍ പരിശോധനയില്‍ വിതരണം നടത്താനുള്ള കാര്യം ബോധ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എം എല്‍ എയുടെ നിര്‍ദേശപ്രകാരം അദാലത്തിന് തീരുമാനമായത്.
മാര്‍ച്ച് 9,10,11 തിയതികളിലാണ് മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ ചേരുക. ഫെബ്രുവരി 28 വരെയുള്ള അപേക്ഷകളിലാണ് ബോര്‍ഡ് തീരുമാനം എടുക്കുകയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.