പ്ളസ് ടു, എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരീക്ഷയുടെ അവസാന ദിവസം തങ്ങളുടെ കുട്ടികളെ കഴുകന്മാര് റാഞ്ചാതിരിക്കാന്‍ ഒന്ന് മനസ്സ് വെക്കുമോ? സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസിന്റെ കുറിപ്പ് വൈറലാവുന്നു. കുട്ടികളുടെ ആവേശവും പക്വതയില്ലായ്മയും മുതലെടുക്കാന്‍ കഴുകക്കണ്ണുകളുമായി മാഫിയകള്‍ റോന്ത് ചുറ്റുകയാണെന്ന ഋഷിരാജ് സിംഗിന്റെ കുറിപ്പ് തള്ളികളയരുത്.
കുറിപ്പ്……….
ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, SSLC പരീക്ഷകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി അവസാനിക്കുകയാണ്. അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ നന്നായി ആഘോഷിച്ചാണ് പിരിയുന്നത്. നമ്മുടെ വിദ്യാലയങ്ങളിലൊക്കെയും അടുത്ത കാലത്തായി തുടങ്ങിയ ഈ ആഘോഷങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചാല്‍ അത് ചെന്നെത്തുന്നത് ലഹരി മാഫിയയിലേക്കാണ്.
കുട്ടികളുടെ ആവേശവും പക്വതയില്ലായ്മയും മുതലെടുക്കാന്‍ കഴുകക്കണ്ണുകളുമായി മാഫിയകള്‍ റോന്ത് ചുറ്റുകയാണെന്ന സത്യം നാം തിരിച്ചറിയണം. ലഹരി മാഫിയകള്‍ക്ക് അവരുടെ കച്ചവടം വിപുലപ്പെടുത്താന്‍ കാര്യര്‍മാരെ കിട്ടണം.കുട്ടികളുടെ കയ്യില്‍ പടക്കവും ചായവും കൊടുത്ത് അവര്‍ കോമ്പൗണ്ടിന് പുറത്ത് ഒളിഞ്ഞിരിക്കും. നിഷ്കളങ്കരായ കുട്ടികള്‍ക്ക് തങ്ങള്‍ പെടാന്‍ പോവുന്ന ഒരിക്കലും രക്ഷപ്പെടാനാവാത്ത ചതിക്കുഴികള്‍ തിരിച്ചറിയാനാവാതെ അധ്യാപകരെയും സ്കൂള്‍ അധികൃതരെയും നാട്ടുകാരെയും വെല്ലുവിളിച്ച് ആഘോഷം കെങ്കേമമാക്കുന്നു.
ഈ വര്‍ഷം പ്ളസ് ടു,SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരീക്ഷയുടെ അവസാന ദിവസം തങ്ങളുടെ കുട്ടികളെ കഴുകന്മാര് റാഞ്ചാതിരിക്കാന്‍ ഒന്ന് മനസ്സ് വെക്കുമോ? എന്ത് തിരക്കുണ്ടെങ്കിലും എല്ലാം മാറ്റി വെച്ച് ഒരു അര മണിക്കൂര്‍ അവര്‍ക്ക് വേണ്ടി ചെലവഴിക്കുമോ? എല്ലാ രക്ഷിതാക്കളും പരീക്ഷ അവസാനിക്കുന്ന ദിവസം ആണ് പെണ് ഭേദമന്യേ തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവാന്‍ ഒന്ന് മനസ്സ് വെക്കുമോ? അങ്ങിനെ മനസ്സ് വെച്ചാല്‍ ജീവിതകാലം മുഴുവന്‍ തങ്ങളുടെ മക്കളുടെ ദുര്‍ഗതിയോര്‍ത്ത് ഒരു രക്ഷിതാവിനും വിലപിക്കേണ്ടി വരില്ല. പരീക്ഷ അവസാനിക്കുന്ന സമയം പ്ലസ്ടു ബുധനാഴ്ച ഉച്ചക്ക് 12 മണി SSLC വ്യാഴാഴ്ച 3.15 ന്