മലപ്പുറം അരീക്കോടിൽ 35 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്താണ് ഭക്ഷ്യവിഷബാധ?
രോഗാണുക്കൾ കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാം. മിക്ക ആളുകളും ചികിത്സയില്ലാതെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നാൽ ചിലർക്ക് ഗുരുതരമായ അവസ്ഥയിലേക്കും എത്താം. പ്രത്യേകിച്ച് ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർക്ക്. 5 വയസ്സിന് താഴെയുള്ള കുട്ടികളിലും 65 വയസ്സിനു മുകളിലുള്ളവരിലും നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയ, വൈറസ് എന്നിവയോ അവയുടെ ടോക്സിനുകളോ ആണ് ഇതിലേക്കു നയിക്കുന്നത്. ഇത്തരത്തിലുള്ള ആഹാരം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മനംപുരട്ടൽ, ഛർദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു.
മലിനമായ ഭക്ഷണമോ ദ്രാവകങ്ങളോ കഴിച്ചതിന് ശേഷം രണ്ട് മുതൽ ആറ് മണിക്കൂറിനുള്ളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. എന്നാൽ അത് നിങ്ങൾക്ക് ലഭിക്കുന്ന രോഗാണുവിനെ ആശ്രയിച്ചിരിക്കും. ലക്ഷണങ്ങൾ വേഗത്തിൽ ഇല്ലാതാകാനും സാധ്യതയുണ്ട്. അവ സാധാരണയായി 12 മുതൽ 48 മണിക്കൂർ വരെ നീണ്ടുനിൽക്കും.
ഭക്ഷ്യവിഷബാധ; എങ്ങനെ തടയാം?
കെെകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് തന്നെ കഴുകുക. 20 സെക്കൻഡ് നേരമെടുത്ത് കൈകൾ കഴുകുക. ഇളംചൂടുള്ള സോപ്പുവെള്ളം തന്നെ ഉപയോഗിക്കുക. കൈകളുടെ ഉൾവശവും പുറംഭാഗവും കൈത്തണ്ടയും നഖങ്ങളുടെ അടിഭാഗവും വൃത്തിയാക്കണം. തുടർന്ന് ശുദ്ധജലത്തിൽ കൈകൾ നന്നായി കഴുകുക. വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്തതിനുശേഷം കൈകൾ നന്നായി കഴുകണം.
അടുക്കളയിലെ പ്രതലങ്ങൾ, കട്ടിങ് ബോഡുകൾ, മിക്സി, ജൂസർ ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം കൊണ്ടു വൃത്തിയാക്കണം.
പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികളും ടവലുകളും വാഷിങ് മെഷീനിലോ, അല്ലാതെയോ ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ഇത്തരം തുണികൾ കുറച്ചധികം കരുതി വയ്ക്കാം. പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികൾ ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.


