തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് ശക്തമായ മഴ ലഭിക്കുക. മുന്നറിയിപ്പിനെ തുടര്‍ന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ കണ്ണൂര്‍ വരെയുളള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരത്തും വയനാടും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും, നാളെയും ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന് അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനമേര്‍പ്പെടുത്തുന്നത് അതാത് ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കെ രാജന് പറഞ്ഞു.