അണ്‍ലോക്ക് നാലിന്റെ ഭാഗമായി റെയില്‍വെ പ്രഖ്യാപിച്ച 80 ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. പ്രത്യേക ട്രെയിന്‍ സര്‍വീസ് കേരളത്തിലേക്കില്ല. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് വ്യക്തമാക്കി. നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രമിക്, സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് 80 സര്‍വീസ് കൂടി ആരംഭിക്കുന്നത്. 230 ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്
അതേസമയം, മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കാനുളള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദികളും തിരുവനന്തപുരം എറണാകുളം വേണാട് സ്പെഷലും സര്‍വീസ് തുടരും. അതേസമയം സ്റ്റോപ്പുകള്‍ കൂട്ടുന്നത് സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് ദക്ഷിണ റയില്‍വേ കേരളത്തോട് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം മറുപടി നല്‍കിയിട്ടില്ല.
ഈ സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. യാത്രക്കാരുടേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം. 25 ശതമാനം യാത്രക്കാരില്ലാത്ത ട്രെയിനുകള്‍ റദ്ദാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മൂന്ന് ട്രെയിനുകളുടെ സര്‍വീസ് നിലക്കുന്ന ഘട്ടമെത്തിയത്.
എങ്കിലും പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ല. സ്റ്റോപ്പുകള്‍ കൂട്ടുന്നത് സംബന്ധിച്ച് നിലപാടറിയിക്കണമെന്ന ദക്ഷിണ റയില്‍വേയുടെ ആവശ്യത്തോട് സംസ്ഥാനം പ്രതികരിക്കാത്തതാണ് ഇതിന് കാരണം.


