ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും വസ്തു ഇനി രജിസ്റ്റര്‍ ചെയ്യാം. സബ് റജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കാനാണിത്. നിലവില്‍ വസ്തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. ഇതിന് മാറ്റം വരുത്തിയാണ് വസ്തു ഇടപാട് സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീക്കം.
പതിനാല് ജില്ലാ റജിസ്ട്രാര്‍ ഓഫീസുകളും 315 സബ് റജിസ്ട്രാര്‍ ഓഫീസുകളുമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ജില്ലാ റജിസ്ട്രാര്‍ക്ക് ആ ജില്ലയിലെ ഏത് ആധാരവും റജിസ്റ്റര്‍ ചെയ്യാം. ഇനി മുതല്‍ ആ അധികാരം സബ് രജിസ്ട്രാര്‍മാര്‍ക്കും ലഭിക്കും. ഇതിലൂടെ ഒരു ജില്ലയിലെ ഏത് സ്ഥലത്തുള്ള വസ്തുവും ആ ജില്ലയിലെ ഏത് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാം.
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാം. ഏതെങ്കിലും പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചാലും മറ്റൊരിടത്ത് സേവനം കിട്ടും. ഇനി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്. മികച്ച സേവനം നല്കുന്നതില് സബ് റജിസ്ട്രാര്‍ ഓഫീസുകള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരമുണ്ടാകും. കൈക്കൂലി കുറയും. കോവിഡ് വ്യാപനം കാരണം ഓഫീസുകള്‍ അടഞ്ഞുകിടന്നാലും സേവനം മുടങ്ങില്ല.
ഒരിടത്ത് തിരക്കുണ്ടായാല്‍ മറ്റിടങ്ങളിലേക്ക് ഇടപാടുകാരെ മാറ്റി ക്രമീകരിക്കാം. തിരക്ക് കാരണം ഇപ്പോള്‍ ഒരുദിവസം 20 അപേക്ഷയേ സ്വീകരിക്കുന്നുള്ളു. പരിഷ്കാരത്തിന് നിയമവകുപ്പിന്റ അനുമതി കിട്ടി കഴിഞ്ഞു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച ഉത്തരവിറങ്ങും. ആന്ധ്രാപ്രദേശില്‍ 2013 മുതല്‍ നടപ്പാക്കിയ ക്രമീകരണമാണ് സംസ്ഥാനത്തും ഏര്‍പ്പെടുത്തുന്നത്.
നാലുവര്‍ഷത്തിനിടെ അറുപത് ഉദ്യോഗസ്ഥരാണ് ഇടപാടുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനും അപമര്യാദയായി പെരുമാറിയതിനും സസ്പെന്‍ഷനിലായത്. പുതിയ ക്രമീകരണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.