താലൂക്ക്, വില്ലേജ് ആഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും
കാക്കനാട്: പ്രളയ ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് അപ്പീല്‍ നല്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 7ന്. അടിയന്തരധനസഹായത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവരും അര്ഹതയുള്ളവരുമായവരില് ഇതുവരെ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടില്ലാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അപ്പീലുകള്‍ സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലയിലെ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഒക്ടോബര്‍ ഏഴ് ഞായറാഴ്ച്ചയും പ്രവര്‍ത്തിക്കും. ഇതിനകം അപ്പീല്‍ നല്കിയവര് അപേക്ഷിക്കേണ്ടതില്ല.
ഗുണഭോക്തൃലിസ്റ്റില്‍ പേരുചേര്‍ക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ അഞ്ചിന് അവസാനിപ്പിച്ചിരുന്നു. ആക്ഷേപമുള്ളവര്‍ തുടര്‍ന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. അപ്പീലുകള്‍ ഇതുവരെ താലൂക്ക് ആഫീസുകളില്‍ സ്വീകരിച്ചുവരികയായിരുന്നു. ഒക്ടോബര്‍ ഏഴോടെ അപ്പീല്‍ നല്‍കാനുള്ള സമയപരിധി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം താലൂക്കു തലത്തില്‍ തയ്യാറാക്കുന്ന പട്ടികയിലെ അര്‍ഹരായ മുഴുവന്‍പേര്‍ക്കും ഒക്ടോബര്‍ പതിനഞ്ചോടെ തുക വിതരണം ചെയ്ത് ധനസഹായവിതരണം പൂര്‍ത്തിയാക്കും.
ബാങ്കില്‍നിന്ന് വിവിധ കാരണങ്ങളാല്‍ നിരസിച്ച കേസുകള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ ഏഴാം തീയതികൂടി ലഭിക്കുന്ന അപ്പീലുകള്‍ പരിഗണിച്ച് തുക കൈമാറുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.