കൂത്താട്ടുകുളം : പുതിയ തലമുറയിലെ കുട്ടികൾ ലക്ഷ്യബോധമുള്ളവരായി വളരണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. പാലക്കുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
ഇപ്പോഴുള്ള സാഹചര്യത്തിൽ ഹാർഡ് വർക്കിനും സ്മാർട്ട് വർക്കിനും തുല്യ പ്രാധാന്യമുണ്ട്. മികച്ച ലക്ഷ്യബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവര്യതയാണെന്നും കളക്ടർ പറഞ്ഞു.
ചടങ്ങിൽ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ ജിം, ഗ്രൗണ്ടിന് ചുറ്റുമുള്ള നടപ്പാത, പുനരുദ്ധരിച്ച ലാബ് മുറി എന്നിവയുടെ ഉദ്ഘാടനവും 20 ലക്ഷം രൂപ വീതം അനുവദിച്ച ഗ്രൗണ്ട് പുനരുദ്ധാരണം, ടോയ്ലെറ്റ് കോംപ്ലക്സ് എന്നിവയുടെ ശിലാസ്ഥാപനവും നടന്നു.
ജില്ലാ പഞ്ചായത്ത് ഫണ്ട് 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കിയിരിയിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, വാർഡ് അംഗം
സിബി സാബു, മേഴ്സി ജോസ്, പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ എസ് എസ് സിന്ധുഷ, പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ എം വിനീത, പിടിഎ പ്രസിഡന്റ് വി കെ സുരേഷ്, എം പി ടി എ പ്രസിഡന്റ് ജീന ജിനോ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


