തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആണ് കേന്ദ്രം ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചത്. ഇന്ന് വൈകിട്ട് ആയിരിക്കും സംഘം സംസ്ഥാനത്തെത്തുന്നത്. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിൻ്റെ നേതൃത്വത്തിലുള്ളതാണ് സംഘം. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ ആറുജില്ലകളില്‍ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി പി ആര്) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി പി ആര് 11.97 ശതമാനമാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. കര്‍ശനനിയന്ത്രണങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


