മൂവാറ്റുപുഴ:- കേരള സര്‍ക്കാര്‍ പുതുതായി ലബോറട്ടറികളുടെ മിനിമം ഗുണനിലവാര നിയമമെന്ന പേരില്‍ പുറത്താക്കിയ കരട് നിയമം പുനപരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ടെക്നീഷ്യന്മാര്ക്കും ജോലി സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലിടങ്ങള്‍ സംരക്ഷിക്കുക, ആരോഗ്യരംഗം വന്‍ കുത്തകള്‍ക്ക് തുറന്നുകൊടുക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിലനില്‍പ്പ് സമരം നടത്തി.
കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി 100 കേന്ദ്രങ്ങളാണ് ആണ് സമരത്തിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ജോലിയും സ്ഥാപനങ്ങളും നഷ്ടപ്പെടും എന്നുള്ള ഭയത്താല്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് 210 കേന്ദ്രങ്ങളില്‍ സമരകാഹളം മുഴക്കുകയുണ്ടായി. എറണാകുളത്ത് മാത്രം 23 കേന്ദ്രങ്ങളില്‍ നില നില്‍പ്പ് സമരം നടത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് സമീപം നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ചിന്നമ്മ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരങ്ങള്‍ക്ക് ജില്ലാ ഭാരവാഹികളായ സമ്പത്ത് ബാസ്റ്റിന്, സാറാ സോഫി, ഡീന എബി, ഷേര്‍ലി ഉണ്ണികൃഷ്ണന്, ഗീത, രമ്യ എന്നിവര്‍ നേതൃത്വം നല്കി.