ആപ്പിൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.എന്നാൽ അവയുടെ പുറത്ത് തിളങ്ങി നിൽകുന്ന മെഴുകും കീടനാശിനികളെക്കുറിച്ചുമുള്ള പേടികളും പലരെയും ആപ്പിളിനെ അകറ്റി നിർത്തിയിട്ടുണ്ട്. കടകളിൽ വിൽക്കുന്ന പല ആപ്പിളുകളും ദീർഘനാൾ കേടാവാതെ സൂക്ഷിക്കാൻ വേണ്ടിയാണ് കൃത്രിമ മെഴുക് പുരട്ടുന്നത്. ഇവ നീക്കം ചെയ്യുമ്പോൾ ആപ്പിളിന്റെ രുചിയോ ഗുണമോ സ്വാഭാവികതയോ നഷ്ടമാകുമെന്ന് പേടിക്കേണ്ട. ഇതൊന്നും നഷ്ടപ്പെടാതെ ആപ്പിളിന്റെ മെഴുകും പുറത്തുള്ള രാസവസ്തുക്കളും നീക്കാൻ ഇതാ അഞ്ച് മാർഗങ്ങൾ..
ചെറുചൂടുവെള്ളവും ബ്രഷും
ആപ്പിൾ വൃത്തിയാക്കുന്നതിന് ഏറ്റവും ലളിതമായ മാർഗമാണ് ചെറുചൂടുവെള്ളവും മൃദുവായ വെജിറ്റബിൾ ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കൽ. അതിനായി ആപ്പിൾ ചെറു ചൂടുവെള്ളത്തിലിട്ട് വെക്കുക. തിളപ്പിക്കരുത്. മൃദുവായ ബ്രഷ് ഉപയോഗിച്ച് അതിന്റെ പുറംഭാഗം സ്ക്രബ് ചെയ്തുകൊടുക്കുക.വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആപ്പിളിന്റെ രുചിയിൽ മാറ്റം വരാതെ വേഗത്തിൽ ഉപരിതലത്തിലെ മെഴുകുകളും അഴുക്കുകളും കളയാനായി സാധിക്കും.
വിനാഗിരി വെള്ളം
ആപ്പിളിന് പുറത്തെ മെഴുക് കളയാനായി ഒരു പാത്രം വെള്ളത്തിൽ അൽപം വെള്ളവിനാഗിരി ചേർക്കുക.ഇതിന് ശേഷം 10-15 മിനിറ്റ് ആപ്പിൾ അതിൽ മുക്കിവെക്കുക.ശേഷം ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകിത്തുടക്കാം.
നാരങ്ങനീരും ബേക്കിങ് സോഡയും
ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ബേക്കിംഗ് സോഡയും 2 ടീസ്പൂൺ നാരങ്ങാനീരും കലർത്തുക. ആപ്പിൾ 5-10 മിനിറ്റ് മുക്കിവെക്കാം. ശേഷം ശുദ്ധജലത്തിൽ കഴുകിയെടുക്കാം. നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആപ്പിളിന് പുറത്തെ മെഴുക് അലിയിപ്പിക്കും. ബേക്കിങ് സോഡ കീടനാശിനിയുടെ അവശിഷ്ടങ്ങളെയും നീക്കം ചെയ്യും.
തിളയ്ക്കുന്ന വെള്ളത്തിലിട്ട് വെക്കുക
ആപ്പിള്‍ വൃത്തിയാക്കാന്‍ സാധാരണ ചെയ്തുവരുന്ന രീതിയാണ് തിളച്ച വെള്ളത്തിൽ മുക്കി വെക്കുക എന്നത്.ഇതുവഴി മെഴുക് ആവരണം മൃദുവാക്കുകയും നീക്കം ചെയ്യാൻ എളുപ്പമാക്കുകയും ചെയ്യുന്നു.
എങ്ങനെ ചെയ്യാം:
വെള്ളം തിളപ്പിക്കുക. ആപ്പിൾ 10-15 സെക്കൻഡ് വെള്ളത്തിൽ മുക്കിവെക്കുക.ശേഷം പുറത്തെടുത്ത്ഒരു തുണി അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് തുടക്കുക. ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കഴുകുക. സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന ആപ്പിളില്‍ കാണുന്ന കട്ടിയുള്ള വാക്സുകള്‍ നീക്കം ചെയ്യാന്‍ ഇത് എളുപ്പവഴിയിതാണ്..
ഉപ്പുവെള്ളത്തില്‍ കുതിർക്കൽ
ഒരു പാത്രം ചെറുചൂടുള്ള വെള്ളത്തിൽ 1-2 ടേബിൾസ്പൂൺ ഉപ്പ് ലയിപ്പിക്കുക. ആപ്പിൾ 10 മിനിറ്റ് കുതിർക്കുക.ശേഷം ഇത് തുടച്ച് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക. ആപ്പിൾ തൊലികളിലെ രാസ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ സാധിക്കുന്ന പ്രകൃതിദത്ത രീതിയാണ് ഇത്.
പ്രകൃതിദത്തവും എളുപ്പവുമായ രീതികൾ ഉപയോഗിച്ച്, മെഴുക്, കീടനാശിനികൾ, രാസവസ്തുക്കൾ എന്നിവയെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് അവ കഴിക്കാം.


