മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡി അഡിക്ഷന് സെന്ററില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2018 നവംബറില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച വിമുക്തി കേന്ദ്രം വഴി 4251 പേര്‍ക്ക് ചികില്‍സ നല്കാന് കഴിഞ്ഞു. ഇതില്‍ 258 പേര്‍ക്ക് കിടത്തിച്ചികിത്സ വഴിയുള്ള സേവനവും നല്‍കിയിരുന്നു.
സംസ്ഥാന എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായിട്ടാണ് ഒരു ജില്ലയില്‍ ഒരു കേന്ദ്രം എന്ന നിലയിലാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ ലഹരി വിമോചന കേന്ദ്രം ആരംഭിക്കുന്നതിനായി തെരഞ്ഞെടുത്തത്. 10 ബെഡുകള്‍ ഇതിനായി നീക്കിവച്ചിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, മെഡിക്കല്‍ ഓഫീസറും, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 10 ജീവനക്കാരുടെ ടീം ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശമ്പളവും ,വൈദ്യുതി -ജല അതോറിറ്റി ബില്ലും ഉള്‍പ്പെടെ എക്സൈസ് വകുപ്പാണ് നല്കി വരുന്നത്. ഇതോടൊപ്പം രോഗികള്‍ക്കാവശ്യമായ മരുന്നും സൗജന്യമായി നല്കി വരുന്നുണ്ട്.
മദ്യം, കഞ്ചാവ്, മയക്കുമരുന്ന്, പുകയില ഉള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കള്‍ക്ക് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കവിയുന്നുണ്ട്. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ ചികില്‍സക്ക് എത്തുന്നുണ്ട്. ചികില്‍സക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ബെഡുകള്‍ വേണമെന്നും അതിനായി നഗരസഭയുടെ പേ വാര്‍ഡ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചതാണ്. കോവിഡ് അനുബന്ധമായ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ ഇതിനായി നീക്കിവച്ച സ്ഥലം ഐസോലേഷന് വാര്‍ഡാക്കി മാറ്റി. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നഗരസഭയുടെ കൈവശമുള്ള മുറികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
സ്വകാര്യ ലഹരിവിമോചന കേന്ദ്രങ്ങളില്‍ ചികില്‍സക്ക് ഭീമമായ തുക ചെലവാകുമ്പോള്‍ ഇവിടെ തികച്ചും സൗജന്യമാണ്. 30 ദിവസം വരെ കിടത്തി രോഗം സുഖപ്പെടുത്തി ജീവിതം തിരികെ പിടിച്ച് കയറിയവര്‍ നിരവധി ആണ്. ഇതിനിടെ മൂവാറ്റുപുഴ ഡി.അഡിക്ഷന് സെന്ററിന് കീഴിലായി കളമശ്ശേരി, തൃപ്പൂണിത്തുറ, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളില്‍ സബ് സെന്ററുകള്‍ തുറക്കാനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണനയിലാണ്. ജനറല്‍ ആശുപത്രി വികസന സമിതിയും നഗരസഭ കൗണ്‍സിലും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ദനല്കണമെന്നും കിടത്തി ചികില്‍സ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ നഗരസഭ, ആരോഗ്യ- എക്സൈസ് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലുടെ ഉണ്ടാകണമെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലങ്കില്‍ അധികൃതരുടെ അലംഭാവം വഴി നന്നായി പ്രവര്‍ത്തിച്ചു വന്നിരുന്ന വിമുക്തി കേന്ദ്രം മൂവാറ്റുപുഴയ്ക്ക് നഷ്ടപ്പെടാന്‍ ഇടവരുമെന്നും മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു.