കൊച്ചി:ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗജന്യ വീഡിയോ കണ്സള്ട്ടേഷന് പദ്ധതിക്ക് തുടക്കമിട്ടത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെ പിന്തുണയോട് കൂടിയാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് Covid Helpline | Aster Covid Helpline (asterdmhealthcare.com) എന്ന ലിങ്ക് വഴിയോ ആസ്റ്റര്‍ ഇ- കണ്‍സള്‍ട്ടന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ ഈ സേവനം പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമാകും.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ടറിയാന്‍ ആസ്റ്റര്‍ കെയര്‍ ഹെല്പ്പ്ലൈന് സഹായകമാകും. വിഡിയോ കണ്‍സള്‍ട്ടേഷനിലൂടെയാണ് രോഗികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നത്. രോഗികളുടെ പ്രായത്തിനനുസരിച്ചുള്ള വൈദ്യോപദേശം ഉറപ്പാക്കുന്നതിനായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ലളിതവും ആധികാരികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക അനിവാര്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധിയാളുകള്‍ ആശുപത്രികളെ സമീപിച്ചാല്‍ ആശുപത്രി സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് ടെലി കണ്സള്ട്ടേഷന് വഴി വൈദ്യോപദേശം ലഭ്യമാക്കിയാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഡോ. ആസാദ് മൂപ്പന് അഭിപ്രായപ്പെട്ടു.
വീടുകളില്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ആസ്റ്റര്‍ ഇ-കണ്‍സള്‍ട്ട് ആപ്ലിക്കേഷനിലൂടെ, വൈദ്യോപദേശം ലഭ്യമാക്കിയാല്‍ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ നല്കുന്ന ഈ സൗകര്യം ഉപയോഗിച്ചു കൊണ്ട് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിലൂടെ പകര്‍ച്ച വ്യാധിയെ ചെറുക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പൗരനും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുകയെന്ന ആദരണീയനായ ഷെയ്ക്ക് മുഹമ്മദിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് ദുബായില്‍ ആദ്യമായി ടെലി ഹെല്‍ത്ത് സര്‍വ്വീസ് ആരംഭിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷ മൂപ്പന് പറഞ്ഞു.
പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്കൊപ്പം ആസ്റ്റര്‍ കോവിഡ് സപ്പോര്‍ട്ട് സെന്റര്‍ രോഗികള്‍ക്ക് ഉചിതമായ ചികിത്സ തേടാനുമുള്ള സഹായം ലഭ്യമാക്കുമെന്നും ഡോ. ഹരീഷ് പിള്ള വ്യക്തമാക്കി.


