മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ നവീകരണത്തിന് 2.40-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നാഷ്ണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുമാണ് 2017-18 സാമ്പത്തീക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.40-കോടി രൂപ അനുവദിച്ചത്.
ജനറല്‍ ആശുപത്രിയിലെ നിലവിലെ ലേബര്‍ റൂമിന്റെയും, ഓപ്പറേഷന് തിയേറ്ററിന്റെയും, ഫാര്‍മസിയുടെയും, ഫാര്‍മസി സ്റ്റോറിന്റെയും, ഓപ്പറേഷന് തിയേറ്ററില്‍ നിന്നും കുട്ടികളുടെയും, സ്ത്രീകളുടെയും വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പാതയുടെ നിര്‍മ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി. ഗൈനക്കോളജി വിഭാഗത്തില്‍ നാല് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നത്.
ഗൈനക്കോളജി വിഭാഗത്തില്‍ ദിനേന നൂറ് കണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിന് പുറമേ ഗൈനക്കോളജി വിഭാഗത്തിലെ വിവിധ ചികിത്സകള്‍ക്കും ഇതുമായി ബന്ധപ്പെട്ട ഓപ്പറേഷനുകള്ക്കുമുള്ള സജ്ജീകരണങ്ങളും ആശുപത്രിയിലുണ്ട്. ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററും വാര്‍ഡുകളും തമ്മില്‍ ഇന്റര്‍ കണക്ഷനില്ലാത്തത് രോഗികള്‍ക്ക് ദുരിതമായിരുന്നു. ഓപ്പറേഷന് തിയേറ്ററില്‍ നിന്നും വരുന്ന രോഗികളെ തുറസായ സ്ഥലത്തോടെയാണ് സ്ത്രീകളുടെയും, കുട്ടികളുടെയും വാര്‍ഡുകളിലേയ്ക്ക് മാറ്റിയിരുന്നത്. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരുന്നത്. ഓപ്പറേഷന് തിയേറ്ററില്‍ നിന്നും സ്ത്രീകളുടെയും, കുട്ടികളുടെയും വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പാതയുണ്ടാക്കുന്നതോടെ വര്‍ഷങ്ങളായി നിലനിന്ന പ്രശ്നത്തിന് പരിഹാരമാകും.
രോഗികളുടെ ബാഹുല്ല്യത്തെ തുടര്‍ന്ന് തിരക്ക് അനുഭവിക്കുന്ന ഫാര്‍മസിയുടെ നവീകരണവും ഇതോടൊപ്പം നടക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിനാണ്. ആശുപത്രിയില്‍ നിര്‍മ്മാണം നടക്കുന്ന അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ഇലക്ട്രിക് വര്‍ക്കുകളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇവിടത്തെ ഫയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് 70-ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എന്‍.എച്ച്.എമ്മിന് സമര്‍പ്പിച്ചിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അടുത്തമാസം 11ന് ഉച്ചകഴിഞ്ഞ് 2.30ന് ആശുപത്രിയില്‍വച്ച് ആശുപത്രി വികസന സമിതി യോഗം ചേരുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് പറഞ്ഞു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ,ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, എന്‍.എച്ച്.എം. ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.മാത്യൂസ് നമ്പോലി, ആശുപത്രി സൂപ്രണ്ട് ഡോ.എം.എം.ഷാനി, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി ദിലീപ്, ആശുപത്രി വികസന സമിതി അംഗങ്ങള്‍ സമ്പന്ധിക്കും.


