ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെല്‍റ്റ പ്ലസ് വൈറസിൽ വീണ്ടും വകഭേദം. കൃത്യമായി നിരീക്ഷിച്ചില്ലെങ്കില്‍ ഇത് രാജ്യത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമാക്കുമെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ വീണ്ടും കേസുകളുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നത് രോഗവ്യാപനത്തിനു സാഹചര്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിലവില്‍ കേസുകളുടെ എണ്ണം കുറവായത് ആശ്വാസത്തിന് വക നൽകുന്നു. എന്നാൽ ഡെല്‍റ്റ പ്ലസ് വൈറസ് വീണ്ടും തീവ്രമായ മറ്റൊരു വകഭേദമായി മാറുമോയെന്നത് വരും ദിവസങ്ങളിലെ നിരീക്ഷണത്തിലൂടെയേ അറിയാൻ കഴിയൂ.
വൈറസുകള്‍ തുടർച്ചയായി മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ഇത് വൈറസിന് കൂടുതൽ അതിജീവന ശേഷി നൽകുകയും വ്യാപന തോത് കൂട്ടുകയും ചെയ്യുന്നു. നിരവധി മാസങ്ങളായി കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കിക്കൊണ്ട് യു.കെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്.
എന്നാല്‍ രാജ്യം തുറന്നപ്പോള്‍, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പുതിയ വകഭേദം കാരണമായി. യു.കെയ്ക്കു സമാനമാണ് നിലവിലെ നമ്മുടെ അവസ്ഥ. ജാഗ്രത പുലർത്തിയില്ലെങ്കിൽ നമുക്കും സമാന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


