കൊച്ചി: നവജാത ശിശുവിന് വാക്സിന് മാറി നല്കിയ സംഭവത്തില്‍ വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീഴ്ച ഉണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു ഉത്തരവ് ഇട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ 12നായിരുന്നു കുഞ്ഞിന് വാക്സിന് മാറി നല്കിയ സംഭവമുണ്ടായത്. പാലാരിവട്ടം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിനാണ് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. ആദ്യത്തെ ബിസിജി കുത്തിവെപ്പിന് പകരം നല്‍കിയത് ആറ് ആഴ്ചയ്ക്ക് ശേഷം നല്‍കേണ്ട കുത്തിവെപ്പായിരുന്നു. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനാണ് 45 ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന വാക്സിന് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്.


