കുട്ടികളിലെ വളർച്ചയ്ക്ക് പലപ്പോഴും തടസമായി നിൽക്കുന്ന ഒന്നാണ് ഇടയ്ക്കിടെ വരുന്ന രോഗങ്ങൾ. രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളിൽ രോഗങ്ങൾ ഇടയ്ക്കിടെ വരാൻ കാരണമാകുന്നത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുന്നത് കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ രോഗപ്രതിരോധ സംവിധാനത്തെ സ്വാഭാവികമായി എങ്ങനെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലൂക്ക് കുട്ടീഞ്ഞോ പറയുന്നു.
ഒന്ന്
ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ഉറക്കം പ്രധാന ഘടകമാണ്. വിറ്റാമിനുകളും ധാതുക്കളും പ്രധാനമാണെങ്കിലും, ഉറക്കം ശരീരത്തിന് രോഗപ്രതിരോധ കോശങ്ങളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
രണ്ട്
രോഗപ്രതിരോധ ശേഷിയിൽ പോഷകാഹാരം വലിയ പങ്കുവഹിക്കുന്നു. വിറ്റാമിൻ സി, പ്രോട്ടീൻ, സിങ്ക്, ഒമേഗ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കടല, രാജ്മ (കിഡ്നി ബീൻസ്), ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ, നെല്ലിക്ക, ഓറഞ്ച്, സരസഫലങ്ങൾ, മുരിങ്ങയില എന്നിവ നൽകുക.
മൂന്ന്
ഔട്ട്ഡോർ സമയം ഗെയിമുകൾ കളിക്കാൻ കുട്ടികളെ വിടുക. സൂര്യപ്രകാശം ഏൽക്കുന്നതും ഔട്ട്ഡോർ ഗെയിമുകളും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്നു.
നാല്
കുട്ടികളിൽ പോലും പ്രതിരോധശേഷിയെ സമ്മർദ്ദം ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ പ്രതികരണങ്ങളെ ദുർബലപ്പെടുത്തുന്നു.
അഞ്ച്
കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തുക. വെള്ളം, തേങ്ങാവെള്ളം, സൂപ്പുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. കാരണം അവ ക്ഷീണം അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. കരിക്കിൻ ആഴ്ചയിൽ രണ്ട് ദിവസം നൽകാവുന്നതാണ്.


