തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനിക്കും.
രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം ചേരുക.
അതേസമയം, രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്ക് സാദ്ധ്യതയില്ല. എന്നിരുന്നാലും ബക്രീദോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് ദിവസമാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ബുധനാഴ്ചയാണ് ബക്രീദ്. ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.
രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് ഇനിമുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണ്ട. നിലവില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാല്‍ രോഗലക്ഷണമുളളവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നും നിർദേശമുണ്ട്.


