തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞു മാറ്റി അതിജീവനത്തിന്റെ പാത തെളിയിച്ച് ഒരു അവയവദാനം കൂടി യാഥാര്‍ത്ഥ്യമാകുന്നു. ലോകമൊന്നാകെ സ്തംഭിപ്പിച്ച കൊറോണ ഭീതിയ്ക്കു നടുവില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ ഈ അവയവദാനം നടക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി കാരണം ബഹുഭൂരിപക്ഷം ആശുപത്രികളും അത്യധികം ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിലും അവയവദാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഒരു സുപ്രധാന അവയവദാനമാണ് വെള്ളിയാഴ്ച കിംസ് ആശുപത്രിയില്‍ നടന്നത്.
ബൈക്കപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച വര്‍ക്കല മുള്ളറംകോട് ശ്രീവിശ്വത്തില് കൃഷിപ്പണിക്കാരനായ ശ്രീകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം മൂളിയതോടെ പ്രതിസന്ധികളെ വകഞ്ഞുമാറ്റി ആ പുണ്യ കര്മ്മത്തിന് അധികൃതര്‍ വഴിയൊരുക്കുകയായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യവകുപ്പുമന്ത്രി എന്നിവരില്‍ നിന്നു ലഭിച്ച സഹകരണവും പ്രോത്സാഹനവും കൊറോണക്കാലത്തെ ആദ്യ അവയവദാനം എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഡി എം ഇ ഡോ റംലാബീവി, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ എം കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മൃതസഞ്ജീവനിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കരുത്തു പകരുകയായിരുന്നു. കൊറോണക്കാലമായതിനാല്‍ അവയവദാനത്തിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയായ ഡി എം ഇ സത്വര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വേണ്ട സാഹചര്യമൊരുക്കി. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിനും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. അവയവങ്ങള്‍ കൃത്യ സമയത്ത് അതാത് ആശുപത്രികളിലെത്തിക്കാന്‍ പൊലീസിന്റെയും മറ്റും പൂര്‍ണ സഹകരണവും ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് സര്‍ജനും ആശുപത്രി സൂപ്രണ്ടുമായ കെ ജയകുമാര്‍ ഹൃദയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ചയാണ് ആറ്റിങ്ങല്‍ കല്ലമ്പലത്തുവച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: ബേബി ബിന്ദു, മകന്: സ്വാതിന്‍


