ന്യൂഡല്‍ഹി: രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നും മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉള്‍പ്പടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും മോദി പറഞ്ഞു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്സിനേറ്റ് എന്ന മുദ്രവാക്യത്തില്‍ ഊന്നിയാണ് മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.


