വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. എന്നാൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉള്ളതും ഇവിടെയാണ്. അടുക്കള എപ്പോഴും വൃത്തിയാക്കുമ്പോൾ ചിലയിടങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. ഇത് അടുക്കളയിൽ അഴുക്ക് അടിഞ്ഞുകൂടാനും അണുക്കൾ പെരുകാനും കാരണമാകുന്നു. അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങൾ ഇവയാണ്.
കിച്ചൻ സിങ്ക്
നിരന്തരമായി വെള്ളമൊഴുകുന്ന സ്ഥലമാണെങ്കിൽ പോലും കിച്ചൻ സിങ്കിൽ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സിങ്ക് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.
സ്പോഞ്ചുകൾ
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകളിലും ബ്രഷുകളിലും അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. പാത്രത്തിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും സ്പോഞ്ചിൽ പറ്റിയിരിക്കുകയും ഇതുമൂലം അണുക്കൾ പെരുകാനും കാരണമാകുന്നു. അതിനാൽ തന്നെ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും സ്പോഞ്ചുകളും സ്ക്രബറുകളും വൃത്തിയാക്കാൻ മറക്കരുത്.
ഫ്രിഡ്ജ്
ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്ന ഇടമാണ് ഫ്രിഡ്ജ്. എന്നാൽ ഇതിനുള്ളിലും അഴുക്കും അണുക്കളും ഉണ്ടാകാറുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും കറയും അടിഞ്ഞുകൂടുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ കേടുവരാനും കാരണമാകുന്നു.
കട്ടിങ് ബോർഡ്
അടുക്കളയിലെ ആവശ്യവസ്തുവായി കട്ടിങ് ബോർഡ് മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നതും കട്ടിങ് ബോർഡിലാണ്. കാരണം മത്സ്യവും മാംസവും പച്ചക്കറികളും മുറിക്കുമ്പോൾ കട്ടിങ് ബോർഡിൽ ഇതിന്റെ അവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നു. ഇതിൽ നിന്നും വളരെ പെട്ടെന്ന് അണുക്കൾ പെരുകുകയും ചെയ്യുന്നു. പിന്നീട് പച്ചക്കറികൾ മുറിക്കുമ്പോൾ അതിലേക്കും അണുക്കൾ പടരാൻ സാധ്യതയുണ്ട്.