മുവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. വരുന്ന 30 വർഷങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതിയാണ് ദിവസേന ആയിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്നത്. ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും എം.എൽ.എ പറഞ്ഞു.
കാൻസർ രോഗികൾക്കുള്ള പ്രത്യേക ബ്ലോക്ക്, കുട്ടികൾക്കും അമ്മമാർക്കും ചികിത്സ തേടുന്നതിനുള്ള ബ്ലോക്ക് എന്നിവ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തും. അപകടത്തിൽ പെടുന്നവരെ ശുശ്രുഷിക്കുന്നതിന് അത്യാധുനിക ട്രോമ കെയർ സൗകര്യം അടുത്ത പ്രദേശങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ഈ സൗകര്യം കൂടി രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഐസുലേഷൻ വാർഡ് ഉൾപ്പെടെയുള്ള നിലവിൽ ആശുപത്രിയിൽ ലഭ്യമായ മറ്റു സൗകര്യങ്ങൾ വിപുലപ്പെടുത്തും. ആശുപത്രികളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വൈദഗ്ധ്യം നേടിയ കിറ്റ്കോയാണ് പദ്ധതി ഒരുക്കുന്നത്.
ദീർഘവീക്ഷണം ഇല്ലാത്ത രീതിയിലാണ് ജനറൽ ആശുപത്രിയുടെ കെട്ടിടങ്ങൾ ഇപ്പോൾ നിലകൊള്ളുന്നത്. ആശുപത്രി ക്യാംപസിലെ സ്ഥല സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ 18 ജനറൽ ആശുപത്രികളിൽ ഒന്നാണ് മുവാറ്റുപുഴ ജനറൽ ആശുപത്രി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായ മുവാറ്റുപുഴ ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയത്. എറണാകുളം ജില്ലയിൽ കിഴക്കൻ മേഖലയുടെ ആരോഗ്യ ചികിത്സ സൗകര്യം കൂടി കണക്കിലെടുത്താണ് എറണാകുളം ജനറൽ ആശുപത്രിക്ക് പുറമെ മൂവാറ്റുപുഴയിലും ജനറൽ ആശുപത്രി സൗകര്യം യു.ഡി.എഫ് സർക്കാർ അനുവദിച്ചത്.
രൂപരേഖയുടെ അന്തിമ രൂപം തയ്യാറാക്കി പദ്ധതി യാഥാർഥ്യമാകുന്നതോട് കൂടി മൂവാറ്റുപുഴ ജനറൽ ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയർത്തപ്പെടുമെന്നും എം.എൽ.എ പറഞ്ഞു. രൂപരേഖയുടെ പ്രാഥമിക രൂപം തയ്യാറായി. നഗരസഭയുമായും ആശുപത്രി അധികൃതരുമായും ആശുപത്രി മേൽനോട്ട സമിതിയുമായും ചർച്ച നടത്തി അഭിപ്രായം രൂപീകരണം നടത്തി കഴിഞ്ഞു. പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾക്കും രൂപരേഖയിൽ ഇടം ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് ഉന്നത തല സംഘം ഒരിക്കൽ കൂടി ആശുപത്രി സന്ദർശിച്ചു രൂപരേഖക്ക് അന്തിമ രൂപം നൽകും.
നഗരസഭ ചെയർമാൻ പി.പി എൽദോസ്, വൈസ് ചെയർപേഴ്സൺ സിനി ബിജു, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി.എം സലാം, ആശുപത്രി സൂപ്രണ്ട് ഡോ. രേഖ എം. രവീന്ദ്രൻ, നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് പി.എം സലിം ഹാജി,
ജനപ്രതിനിധികൾ, ആശുപത്രി മേൽനോട്ട സമിതി അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നീന സൂസൻ പുന്നൻ, കിറ്റ്ക്കോ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


