വർക്കല എസ്.ആർ. മെഡിക്കൽ കോളേജിന് ഒടുവിൽ തിരിച്ചടി. വർക്കല എസ്.ആർ. മെഡിക്കൽ കോളജിലെ വിദ്യാർഥികളെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് മാറ്റാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സിഎസ്ഐ മെഡിക്കൽ കോളേജ് കാരക്കോണം, വയനാട് ഡിഎം വിംസ് , ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ല എന്നീ മെഡിക്കൽ കോളേജുകളിലേക്കാണ് വിദ്യാർത്ഥികളെ മാറ്റുന്നത്.2016-17 അധ്യയന വർഷത്തേക്ക് എസ്.ആർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ 100 വിദ്യാർഥികളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഒടുവിൽ നടപടിയായത്.
കോളജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നുള്ള നിയമ പോരാട്ടങ്ങൾ കാണാം ഒടുവിൽ തീർപ്പാകുന്നത്. വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും നടത്തിയ പരിശോധനകളിൽ എസ്.ആർ മെഡിക്കൽ കോളജിൽ കുട്ടികൾക്ക് ആവശ്യമായ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിൽ കോളജിന് അംഗീകാരം ലഭിക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്നും കണ്ടെത്തി. എസ്.ആർ. മെഡിക്കൽ കോളെജ് മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസെടുക്കാനും വിശദമായ അന്വേഷണത്തിനും വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
ഹൈക്കോടതി നിർദേശ പ്രകാരം മെഡിക്കൽ കൗൺസിൽ നിയോഗിച്ച വിദഗ്ധ സമിതിയും കോളജിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. വ്യാജ രോഗികളെ എത്തിച്ചാണ് അംഗീകാരം നേടിയതെന്നും തെളിഞ്ഞിരുന്നു. വിദ്യാർഥികളെ മാറ്റാനും ശുപാർശ നൽകി. ഇതുപ്രകാരമാണ് മെഡിക്കൽ കൗൺസിൽ ആരോഗ്യമന്ത്രാലത്തിന് റിപ്പോർട്ട് നൽകിയത്.നേരത്തേ ആരോഗ്യവകുപ്പ് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ യോഗം വിളിക്കുകയും വിദ്യാർഥികളെ മാറ്റുന്നതിനുള്ള താൽപര്യവും ക്ഷണിച്ചിരുന്നു. സമ്മതം അറിയിച്ച മൂന്ന് കോളജുകളിലേക്കാണ് വിദ്യാർഥികളെ മാറ്റുന്നത്. കേന്ദ്ര ഉത്തരവനുസരിച്ച് തുടർനടപടി സ്വീകരിക്കേണ്ടത് ആരോഗ്യ വിദ്യാഭ്യാസ വകുപ്പാണ്. ഒന്നര വർഷത്തിലധികം നീണ്ട വിദ്യാർഥി സമരവും നിയമപോരാട്ടവുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവോടെ ലക്ഷ്യത്തിൽ എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന കോളേജിന്റെ വാദങ്ങൾ കൂടിയാണ് ഈ തീരുമാനത്തോടെ പൊളിയുന്നത്.


