തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് നാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തും. പുതിയ വിവാഹ ബുക്കിംഗളൊന്നും അനിശ്ചിതകാലത്തേക്ക് അനുവദിക്കില്ല. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താനുളള അനുമതിയുണ്ടാകും. ഗുരുവായൂര്‍ നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനം ആയതോടെയാണ് നിയന്ത്രണം കർശനമാക്കിയത്.


