എല്ലാ വീടുകളിലും എപ്പോഴും ചെറുനാരങ്ങ വാങ്ങി സൂക്ഷിക്കാറുണ്ട്. ജ്യൂസുണ്ടാക്കാനും ചിക്കനും മീനുമെല്ലാം മാരിനേറ്റ് ചെയ്യാനും, സാലഡുകളിൽ ചേർക്കാനും അച്ചാറിട്ടുവെക്കാനുമൊക്കെ ചെറുനാരങ്ങ അത്യാവശ്യമാണ്. എന്നാൽ അൽപം കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവ പെട്ടന്ന് കേടുവരികയോ, ഉണങ്ങിപ്പോകുകയോ ചെയ്യുമെന്ന് പലരും പരാതി പറയാറുണ്ട്. ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കുന്നത് പലർക്കും വെല്ലുവിളിയാണ്. രുചിയിലോ നിറത്തിലോ വ്യത്യാസമില്ലാതെ ഏറെ നാൾ ചെറുനാരങ്ങ സൂക്ഷിക്കാനുള്ള മാർഗങ്ങൾ നോക്കിയാലോ…
സിപ്പ് ലോക്ക് കവറിലാക്കാം..
നാരങ്ങകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അവയുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ സിപ്പ് ലോക്ക് കവറിലോ, വായു കടക്കാത്ത കണ്ടെയ്നറുകളിലോ സൂക്ഷിക്കാം.ഇങ്ങനെ ചെയ്യുന്നത് അവയുടെ ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും അവ കേടാകുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. പുറത്ത് വെക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത് നാലാഴ്ച വരെ നാരങ്ങയെ പുതുമയോടെ നിലനിർത്താൻ സഹായിക്കും.
വെള്ളത്തിൽ സൂക്ഷിക്കാം…
ഗ്ലാസ് ജാറിൽ ശുദ്ധജലം നിറച്ച് അതിൽ നാരങ്ങയിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മറ്റൊരു വഴി.ഇങ്ങനെ ചെയ്യുന്നത് നാരങ്ങയിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ദിവസവും ജാറിലെ വെള്ളം മാറ്റാൻ മറക്കരുത്.
അലുമിനിയം ഫോയിലിൽ പൊതിയാം
ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് നാരങ്ങ അലൂമിനിയം ഫോയിലിൽ പൊതിയുക. ഇതുവഴി വായുസഞ്ചാരം തടയുകയും ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. ദിവസങ്ങളോളം ചെറുനാരങ്ങ കേടാതെ സൂക്ഷിക്കാൻ ഇതൊരു നല്ല മാർഗമാണ്


