അങ്കമാലി: സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ സ്വകാര്യ ആശുപത്രിയായ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചി മെട്രോ എം.ഡി, ലോക്നാഥ് ബഹ്റ ഐ.പി.എസ്. നിര്‍വ്വഹിച്ചു. ആധുനിക നേത്രചികിത്സ തേടി അങ്കമാലിയില്‍ എത്തുന്നവര്‍ക്ക് കൊച്ചി മെട്രോയുടെ വികസനം ഭാവിയില്‍ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നവതിയോടനുബന്ധിച്ച് ആഗോള നിലവാരത്തിലുള്ള രോഗ നിര്‍ണ്ണയ ഗവേഷണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്‍.എഫ്. ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ലിഫ്രിസ് (ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജി റിസര്‍ച്ച് ആന്റ് ഇമേജിംഗ് സയന്‍സ്) എന്ന പേരില്‍ റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ഈ വിഭാഗത്തില്‍ അതിനൂതന സി. ടി., എം.ആര്.ഐ. മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു.
നവതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചികിത്സാപദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു. ബിഷപ്പ് മാര്‍ തോമസ് ചക്യേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. തോമസ് വൈക്കത്തുപറമ്പില്‍, മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ. ഷിയോ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഫാ. പോള്‍സണ്‍ പെരേപ്പാടന്, ഫാ. എബിന് കളപ്പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ബെന്നി ബഹനാന് എം പി., റോജി എം. ജോണ്‍ എം.എല്‍.എ. ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. ലൂക്കോസ് കുന്നത്തൂര്‍, സിസ്റ്റര്‍ തെല്‍മ, വാര്‍ഡ് മെമ്പര്‍ സാജു നെടുങ്ങാടന്‍ എന്നിവര്‍ക്ക് പുറമെ മുന്‍ ഡയറക്ടര്‍മാര്‍, മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ 90 വര്‍ഷത്തെ ആശുപത്രിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ചിത്ര പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചു. മുന്‍ ഡയറക്ടര്‍ ഫാ. ജോസ് ഇടശ്ശേരി നവതി ലോഗോ പ്രകാശനം ചെയ്തു. മുന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.കെ. ഈപ്പന് സാമൂഹികക്ഷേമം ലക്ഷ്യമാക്കി എല്‍.എഫ് ആശുപത്രി ഇതുവരെ നടപ്പിലാക്കിയ സൗജന്യ ചികിത്സാപദ്ധതികള്‍ വിശദീകരിച്ചു.
പരേതരായ മുന്‍ ഡയറക്ടര്‍മാര്‍ക്ക് ആദരപൂര്‍വ്വം സ്മരണാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിന് സിസ്റ്റര്‍ തെല്‍മ നേതൃത്വം നല്കി. മുന്‍ ഡയറക്ടര്‍മാരേയും അസിസ്റ്റന്റ് ഡയറക്ടര്‍മാരേയും ചടങ്ങില്‍ ആദരിച്ചു, ഉപഹാരങ്ങള്‍ നല്കുന്ന ചടങ്ങിന് ബസിലിക്ക റെകടര്‍ വെരി. റവ. ഫാ. ലൂക്കോസ് കുന്നത്തൂര്‍ നേതൃത്വം നല്കി.
ആഗോള നിലവാരത്തിലുള്ള രോഗനിര്‍ണ്ണയ ഗവേഷണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എല്‍.എഫ്. ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ലിഫ്രിസ് (ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജി റിസര്‍ച്ച് ആന്റ് ഇമേജിംഗ് സയന്‍സ്) എന്ന പേരില്‍ നവീകരിച്ച റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ സേവനങ്ങളും സൗകര്യങ്ങളും ഡോ. സ്റ്റിജി ജോസഫ് വിശദീകരിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി കൃതജ്ഞ രേഖപ്പെടുത്തി.