കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന നടത്തിയ സത്യാഗ്രഹ സമരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള ചര്‍ച്ചയേ തുടര്‍ന്ന് പിന്‍വലിച്ചു. നീതി ഉറപ്പാക്കുമെന്ന് മന്ത്രി ഹര്‍ഷിനക്ക് ഉറപ്പ് നല്കി. സംഭവത്തില്‍ രണ്ടാഴ്ച്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിലാണ് സത്യാഗ്രഹ സമരമിരുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച.
മന്ത്രി സമരപന്തലിലെത്തി ഹര്‍ഷിനയെ കണ്ടശേഷം ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഭര്‍ത്താവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഹര്‍ഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ന്യായമായ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സര്‍ക്കാര്‍ വേദന ഉള്‍ക്കൊള്ളുന്നു. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതിനിടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നില്‍ സമരം ചെയ്യുന്ന ഹര്‍ഷിനയെ കാണാന്‍ എത്തിയത്.


