ആരോഗ്യ പെരുമ്പാവൂര്‍
മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് ആരോഗ്യ പെരുമ്പാവൂര്‍. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാനപരമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ മാറ്റങ്ങള്‍ക്കുള്ള ഇടപെടലുകളുമാണ് കഴിഞ്ഞ രണ്ടര വര്‍ഷ കാലയാളവില്‍ നടത്തിയത്.
4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടനാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ആദ്യ ആശുപത്രിയാണ് കോടനാട്. കൂടാതെ ഒക്കല്‍, മുടക്കുഴ, രായമംഗലം എന്നി 3 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി ഈ വര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.
4 ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍
ഒക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന് 88 ലക്ഷം രൂപ അനുവദിച്ചു. മിനി ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 2900 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കും. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തി.
പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നിലവിലുള്ള ഒ.പി ബ്ലോക്ക് നവീകരിക്കുന്നതിനും യോഗാ സെന്റര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 41 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായി.ചേരാനല്ലൂര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് നിര്‍മ്മാണത്തിന് 56 ലക്ഷം രൂപ അനുവദിച്ചു. ഏറ്റവും നവീനമായ മാതൃകയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് ക്വര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് മേല്പറഞ്ഞ പുതിയ കെട്ടിടങ്ങള്‍ക്കുള്ള തുക അനുവദിച്ചത്.
ശുദ്ധജല വിതരണത്തിനായി ആര്.ഒ പ്ലാന്റ്
തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ശുദ്ധജല വിതരണത്തിനായി റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് സ്ഥാപിച്ചു.
കെയര്‍ പെരുമ്പാവൂര്‍
സാന്ത്വന പരിചരണം ആവശ്യമായ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്നതാണ് കെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ വഴിയാണ് കിടപ്പു രോഗികള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
പെരുമ്പാവൂര്‍ കെയര്‍ കാര്‍
സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നതിനും അവരുടെ മറ്റു ആവശ്യങ്ങള്‍ക്കുമായി 5 മിനി ആംബുലന്‍സുകളാണ് കൂവപ്പടി, ഒക്കല്‍, വെങ്ങോല, വേങ്ങൂര്‍ എന്നി ഗ്രാമ പഞ്ചായത്തുകള്‍ക്കും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗങ്ങള്‍ക്കും നല്‍കിയത്. എം.എല്‍.എ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
ഓക്സിജന്‍ കോണ്‍സെന്ററേറ്റര്‍
കിടപ്പു രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി ഓക്സിജന്‍ കോണ്‍സെന്ററേറ്റര്‍ നല്കുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കി. മണ്ഡലത്തിലെ എല്ലാ കിടപ്പു രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഓരോ പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ക്കും രണ്ടെണ്ണം വീതം ആകെ 16 ഓക്സിജന്‍ കോണ്സെന്ററേറ്ററുകളാണ് എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 8.24 ലക്ഷം രൂപ വിനിയോഗിച്ചു നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്നത്.
23 പേര്‍ക്ക് കൃത്രിമ കാലുകള്‍
അപകടങ്ങളും അസുഖങ്ങളും മറ്റു കാരണങ്ങള്‍ കൊണ്ടും കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കാല് നല്കുന്ന പദ്ധതി മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ആദ്യ ഘട്ടമായി നടപ്പിലാക്കി. 23 വ്യക്തികള്‍ക്കാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നും കൃത്രിമ കാലുകള്‍ വെച്ചു നല്‍കിയത്.
ഇടപെടലുകള്‍
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 25 കോടി രൂപയുടെ പുതിയ പദ്ധതി സംസ്ഥാന ബജറ്റിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുവാന് സംസ്ഥാന ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിപുലമായ യോഗം ചേരുകയും പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു.തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രം ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

കാന്‍സര്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതിനുള്ള ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ബഹു. ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം നിയമസഭയില്‍ സബ്മിഷനായും ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി താലൂക്ക് തലത്തില്‍ നടപ്പിലാക്കുമ്പോള്‍ കോടനാടിനെ പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലഭ്യമാക്കി.വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേകം ക്ലിനിക്ക് ആരംഭിക്കുന്നതിനും സംസ്ഥാന ബജറ്റിലേക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിന് അനുവദിക്കുന്ന ഏയിംസ് നിലവാരത്തിലുള്ള ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി നദ്ധ ക്ക് നിവേദനം സമര്‍പ്പിച്ചു. പദ്ധതി പരിഗണിക്കാമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നും ലഭ്യമായെന്നും അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു.


