പെരുമ്പാവൂര്‍ : കൊമ്പനാട് ഗവ. യു.പി സ്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഒരു കോടി രൂപയുടെ പദ്ധതിയാണ് സ്കൂളില്‍ നടപ്പിലാക്കുന്നത്. രണ്ട് നിലകളില്‍ 6 ക്ലാസ് മുറികളും 11 ശുചിമുറികളും അനുബന്ധമായി പടിക്കെട്ടുകളും പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്. 4800 ചതുരശ്രയടി ചുറ്റളവാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം. ഭാവിയില്‍ മൂന്നാം നിലയില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കെട്ടിടം ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.
വേങ്ങൂര്‍ പഞ്ചായത്തിലെ കൊമ്പനാട് 1947 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യു.പി സ്കൂളായി ഉയര്‍ത്തി. പ്രി പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 12 ഡിവിഷനുകളിലായി 319 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല നല്‍കിയിരിക്കുന്നത്. എത്രയും വേഗത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.


