അവയവദാനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി സംസ്ഥാനത്ത് പുതിയ പദ്ധതി. ഇതിനു ഉടന്‍ രൂപം നല്‍കുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സ്വാന്തന പരിചരണത്തിന് കാരുണ്യവഴി നല്കി വന്ന സഹായം നിലവിലുള്ള പദ്ധതിയുമായി സംയോജിപ്പിക്കും. കാരുണ്യ പദ്ധതി ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയതോടെ സുപ്രധാനമായ ചില ആനുകൂല്യങ്ങള്‍ മുടങ്ങുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. നാല് സ്കീമുകള്‍ ഉള്‍പ്പെടുത്താതെയാണ് പുതിയ ഉത്തരവിറങ്ങിയത്. എന്നാല്‍ ഇതുമുടങ്ങില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഡയാലിസിസ് രോഗികളെ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവര്‍ക്ക് മരുന്നുകള്‍ മുടങ്ങില്ല. ഡയാലിസിസ് ഇപ്പോള്‍ തന്നെ കാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമാണ്. മരുന്നുകള്‍ വാങ്ങാന്‍ പ്രത്യേക തുക രോഗികള്‍ നല്‍കേണ്ടതില്ല.
സ്വാന്തന പരിചരണത്തിനുള്ള ധനസഹായത്തിനായി ഇപ്പോള്‍ തന്നെ പ്രത്യേക പദ്ധതി നിലവിലുണ്ട്. കാരുണ്യയില്‍ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നവരെ നിലവിലുള്ള പദ്ധതിയുമായി സംയോജിപ്പിക്കും. അവയവദാനം നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയിരുന്നു. ഇതിനായി പ്രത്യേകമായി പദ്ധതി കൊണ്ടുവരും.
ധനകാര്യ വകുപ്പ് നടത്തിവന്ന കാരുണ്യ പദ്ധതി ഈ മാസം മുതലാണ് ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയത്. രോഗികള്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലൂടെ നഷ്ടമാകുന്ന സമയം ലാഭിക്കാനാണ് പദ്ധതി ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയതെയന്ന് മന്ത്രി തോമസ് ഐസക്.


