ന്യൂഡല്‍ഹി: ഡെല്‍റ്റ വകഭേദത്തെ ഒറ്റ ഡോസുകൊണ്ട് നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ജോണ്സണ് ആന്റ് ജോണ്സണ് വാക്സീന്. അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദത്തെ നിര്‍വീര്യമാക്കുന്നതിനൊപ്പം തന്നെ രോഗബാധയ്ക്കെതിരെ ശാശ്വതമായ സംരക്ഷണം നൽകാനും ജോണ്സണ് ആന്റ് ജോണ്സണ് വാക്സിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എട്ട മാസം വരെ ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കാനുള്ള ശക്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാൻ ജോണ്സണ് ആന്റ് ജോണ്‍സൻ്റെ ജാന്‍സ്സെന്‍ വാക്സിൻ സ്വീകരിക്കുന്നവർക്ക് കഴിയും എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഡെല്‍റ്റ വൈറസ് ഇതിനകം ലോകത്ത് 100 ഓളംരാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. വരുന്ന ആഴ്ചകളില്‍ ഡെല്‍റ്റ അമേരിക്കയില്‍ ഏറ്റവും കരുത്താര്‍ജിക്കുന്ന വകഭേദമാകുമെന്നാണ് സൂചനയെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ പറയുന്നു.
ജോണ്സണ് ആന്റ് ജോണ്‍സൻ്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ 29 ദിവസത്തിനുള്ളില്‍ ഡെല്‍റ്റ വകഭേദത്തെ നിര്‍വീര്യമാക്കുമെന്നും തുടര്‍ന്നുള്ള നാളുകളില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്നുമാണ് കമ്പനി പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട കാര്യമില്ല. ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വന്നാല്‍ ഫോര്‍മുലയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കരുതുന്നതെന്നും ജോണ്സണ് ആന്റ് ജോണ്‍സൻ്റെ ഈ മേഖലയിലെ ആഗോള മേധാവി ജൊഹാന്‍ വാന്‍ ഹൂഫ് പറഞ്ഞു.