ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ ഡോ റെഡ്ഡീസ് ലാബാണ് അനുമതി ചോദിച്ചിരുന്നത്. അപേക്ഷ പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സബ്ജക്റ്റ് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ് ഇ സി) കഴിഞ്ഞ ദിവസം കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.
റഷ്യന്‍ ഫോര്‍മുലയില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് ലൈറ്റ് വാക്സിന് അടിയന്തര ഉപയോഗത്തിന് ഇറക്കുമതിക്ക് നേരത്തെ ഡോ.റെഡ്ഡീസിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ലക്ഷക്കണത്തിന് ഡോസ് വാക്സിന് റഷ്യയില്‍ നിന്ന് ഇന്ത്യയില്‍ എത്തുകയും ചെയ്തിരുന്നു. ഫോര്‍മുല ഉപയോഗിച്ച് രാജ്യത്ത് നിര്‍മ്മിക്കുന്നതിലുള്ള വാക്സീന് പരീക്ഷണം നടന്നുവരികയായിരുന്നു.
മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് സ്പുട്നിക് ലൈറ്റിന് തിരിച്ചടിയായത്. നിലവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് അഞ്ച് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് ഡോസ് ആയിട്ടെടുക്കേണ്ട സ്പുട്നിക് അഞ്ചില്‍ ഓരോ ഡോസിനും വ്യത്യസ്ത മരുന്നാണ് ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേത് പ്രധാന വാക്സിനും രണ്ടാമത്തേത് ബൂസ്റ്ററുമാണ്. എന്നാല്‍ സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം വേണ്ടിവരുന്ന വാക്സിനാണ്.


