തിരുവനന്തപുരം: കെടിഡിസി റസ്റ്റോറൻ്റകളിലെ ഭക്ഷണം വാഹനങ്ങളില്‍തന്നെ നല്കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയതുപോലെ വഴിയില്‍നിന്ന് സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി ആരംഭിക്കുക എന്ന് മന്ത്രി പറഞ്ഞു.
കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് ‘ഇന്‍-കാര്‍ ഡൈനിങ്’ എന്ന പേരിലുള്ള പദ്ധതി. ഇതിലൂടെ കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും എല്ലാം ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും എന്നും മന്ത്രി പറഞ്ഞു.


